പൗരധർമ്മവും ഉത്തരവാദിത്വങ്ങളും

👥 പൗരധർമ്മവും ഉത്തരവാദിത്വങ്ങളും

ഭരണ വ്യവസ്ഥയിലെ പങ്കാളി എന്ന നിലയ്ക്ക് പൗരർക്ക് അവകാശങ്ങൾ ഉണ്ട്. അവ നിശ്ചിതവും കൃത്യവുമായി ലഭിക്കും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുകയും ഉത്തരവാദിത്വപൂർണ്ണമായ പൗരാവകാശ പാലനം നടപ്പാക്കുകയും ചെയ്യണം.

സമൂഹത്തോടും രാഷ്ട്രത്തോടും ചില കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാൻ പൗരർക്ക് ചുമതലയുണ്ട്. പൗരധർമ്മങ്ങൾ എന്ന് ഇതിനെ ചുരുക്കത്തിൽ പറയാം. സ്വയമേവ അവ പാലിക്കുകയാണ് ഉത്തമ പൗരന്റെ കടമ.

 ഇന്ത്യൻ ഭരണഘടന അനുഛേദം 51A (1976)

  • ഭരണഘടന, രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്നിവയോട് ആദരവും അനുസരണവും പ്രകടമാക്കുക; അനാദരവും ലംഘനവും നടത്താതിരിക്കുക; ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ മൂല്യങ്ങൾ പരിപോഷിപ്പിക്കുക.
  • പൊതുമുതലുകൾ സംരക്ഷിക്കുകയും പരിപാലിക്കുകയും നശിപ്പിക്കാതിരിക്കുകയും ചെയ്യുക.
  • ചരിത്ര-സാംസ്കാരിക സമ്പത്തുകൾ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക.
  • പ്രകൃതി സമ്പത്ത്, വന-വന്യജീവികൾ, പരിസ്ഥിതി സംതുലിതാവസ്ഥ എന്നിവ പരിരക്ഷിക്കുകയും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുക.
  • സ്ത്രീ പദവിയും അന്തസ്സും സംരക്ഷിക്കുകയും ഉയർത്തുകയും, സ്ത്രീ വിരുദ്ധ നടപടികളെ ചെറുക്കുകയും ചെയ്യുക.
  • അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കുകയും, ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും മാനവികതയും വളർത്തുകയും, വ്യക്തിഗതവും സാമൂഹ്യവുമായ അനവദ്യതയിലേക്ക് ഉയരുകയും ചെയ്യുക.
  • രാഷ്ട്രത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും മതസമുദായ സൗഹാർദവും പരസ്പര സാഹോദര്യവും വളർത്തുകയും, അനിവാര്യ ഘട്ടത്തിൽ രാഷ്ട്ര സേവനത്തിന് സന്നദ്ധരാകുകയും ചെയ്യുക.

 

🏛️ പഞ്ചായത്ത് രാജ് നിയമം (1994, 1999)

1994-ലെ പഞ്ചായത്ത് രാജ് നിയമം ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന പൗരന്മാരുടെ കടമകളും ഉത്തരവാദിത്വങ്ങളും നിർവചിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തിലെ പൗരൻ എന്ന നിലയിൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വസിക്കുന്ന ഓരോ വ്യക്തിയും താഴെ പറയുന്ന ചുമതലകൾ നിർവഹിക്കാൻ ബാധ്യസ്ഥരാണ്.

  • ഗ്രാമസഭയിൽ പങ്കെടുക്കുക, തദ്ദേശഭരണ പ്രക്രിയയിൽ നേരിട്ട് പങ്ക് വഹിക്കുക, അതിലൂടെ ക്രിയാത്മക ജനാധിപത്യം സാർത്ഥകമാക്കുക.
  • നികുതി വെട്ടിപ്പ് തടയുകയും കൃത്യമായി നികുതികൾ ഒടുക്കി തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് വരുമാനം ഉറപ്പാക്കുകയും ചെയ്യുക.
  • വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്തിനെ സഹായിക്കുക. വ്യക്തിഗതവും ഭൗതികവും സാമ്പത്തികവുമായ വിഭവ സമാഹരണത്തിനും അദ്ധ്വാനത്തിനും സഹായിക്കുക.
  • ആസൂത്രണം, നിർവഹണം, വിലയിരുത്തൽ തുടങ്ങിയ പ്രക്രിയകളിൽ സ്വയം പങ്കാളിയാകുക.
  • പൊതുശല്യം, പൊതുജീവിതത്തിന് വിഘാതം, പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം തുടങ്ങിയവ ഒഴിവാക്കുകയും അവക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യുക.
  • ശുചിത്വം, രോഗപ്രതിരോധം, പോഷകാഹാരം, സാക്ഷരത, നിയമബോധനം, തർക്കപരിഹാര പ്രവർത്തനങ്ങൾ എന്നിവയിൽ പഞ്ചായത്തിനോട് സഹകരിക്കുക.
  • സാമൂഹ്യ ഓഡിറ്റ് പ്രക്രിയ വിജയകരമാക്കാൻ സഹായിക്കുക.
  • മൗലികവാദത്തിനും വിഭാഗീയതകൾക്കും എതിരെ പ്രവർത്തിക്കുകയും സാമൂഹ്യ ഐക്യത്തിനും പങ്കാളിത്ത വികസനത്തിനും സഹായകമാകുകയും ചെയ്യുക.
  • അഴിമതി, ദുർഭരണം എന്നിവയ്ക്കെതിരെ നിയമാനുസൃത ജാഗ്രത പാലിക്കുകയും ജനാധിപത്യപരമായ തദ്ദേശഭരണം ഉറപ്പാക്കുകയും ചെയ്യുക.
  • പ്രകൃതി വിഭവങ്ങൾ, പൊതുഗതാഗത സംവിധാനം തുടങ്ങിയവ പരിപാലിക്കുന്നതിൽ സഹകരിക്കുകയും ദുരുപയോഗം ഒഴിവാക്കുകയും ചെയ്യുക.
  • മിതവ്യയശീലം പ്രചരിപ്പിക്കുകയും പാലിക്കുകയും ആഡംബരവും അതിരോഗവും ഒഴിവാക്കുകയും സ്വാശ്രയ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുക.
  • മദ്യപാനം, മയക്കുമരുന്ന്, സ്ത്രീധനം, സ്ത്രീപീഡനം, ബാലാധ്വാനം, പിന്നോക്ക വിഭാഗങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ അണിനിരക്കുക.
  • പരിസ്ഥിതി ബോധവൽക്കരണത്തിൽ പങ്കാളികളാകുകയും പരിസ്ഥിതി സന്തുലനം ഉറപ്പാക്കുകയും ചെയ്യുക.
  • സ്ഥിതിവിവരകണക്കുകളുടെ കൃത്യമായ ശേഖരണം, സമാഹരണം, ക്രോഡീകരണം എന്നിവയിൽ സഹകരിക്കുക. തെറ്റായ വിവരങ്ങൾ നൽകാതിരിക്കുകയും അതിനെ ചെറുക്കുകയും ചെയ്യുക.
  • പ്രകൃതി ദുരന്ത ബാധിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും മുന്നിട്ടിറങ്ങുക.
  • സഹകരണ-സമ്പാദ്യ ശീലങ്ങൾ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • വികസന ആവശ്യങ്ങൾക്കായി ഭൂമി വിട്ടുകൊടുക്കുകയും പൊതുഭൂമി അനധികൃതമായി കൈവശപ്പെടുത്താതിരിക്കുകയും ചെയ്യുക.
  • അയൽക്കൂട്ടം, സ്വയംസഹായ-പരസ്പരസഹായ സംഘങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
  • പൊതുസ്ഥലത്തും നിരത്തുകളിലും തുപ്പുക, മലമൂത്രവിസർജ്ജനം നടത്തുക, മദ്യപിക്കുക, പുകവലിക്കുക തുടങ്ങിയ സമൂഹവിരുദ്ധ പെരുമാറ്റങ്ങൾ ഒഴിവാക്കുക.
  • മൃഗങ്ങളെ പൊതുസ്ഥലത്ത് പരസ്യമായി കശാപ്പ് ചെയ്യാതിരിക്കുകയും മാംസവും മാംസാവശിഷ്ടങ്ങളും അറപ്പുളവാക്കുന്ന രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുകയും ചെയ്യുക.
  • ഓമനമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയ്ക്ക് ആവശ്യമായ കുത്തിവയ്പ്പുകൾ എടുക്കുകയും ലൈസൻസ് കരസ്ഥമാക്കുകയും ചെയ്യുക.
  • നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ലംഘനങ്ങൾക്ക് പ്രേരണയോ സഹായമോ നൽകാതിരിക്കുകയും ചെയ്യുക.
  • സ്ത്രീ-പുരുഷ തുല്യതയും നീതിയും പരിപാലിക്കുകയും അതിനുതകുന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുക.